Friday 22 March 2019

വന വൽക്കരണം മിയാവാക്കി രീതി




അതിവേഗ നഗര വൽക്കരണം
ഭൂമിയിൽ പച്ചപ്പിനെ 
ചെറു തുരുത്തുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ
ജപ്പാനി ജീവശാസ്ത്രജ്ഞനായ
 അകിര മിയാവാക്കി (Akira Miyawaki ) പരീക്ഷിച്ച് വിജയിച്ച രീതിയാണ്  മിയാവാക്കി മെത്തേഡ് (Miyawaki methed ) വനവത്കരണം.

ഈ രീതിയുടെ പ്രധാന ആകർഷണം
 ചെറിയ സ്ഥലത്ത് പോലും ഒരു കൊച്ചു വനം ഒരുക്കാൻ കഴിയും എന്നതാണ്
അതും കുറഞ്ഞ കാലയളവിനുള്ളിൽ .

 ഒരു വനം ഒരുക്കണമെങ്കിൽ നൂറ്റാണ്ടുകൾ വേണ്ടിവരുന്നിടത്ത്
 ഇരുപത്-മുപ്പത് വര്ഷം കൊണ്ട് ഒരു വനം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു.

മിയാവാക്കി വനം മൂന്ന് നാല്  ഘട്ടങ്ങളിലായി ആണ് ഉണ്ടാക്കുന്നത്.

1)വനവത്കരണം ചെയ്യാൻ ഉദ്ദ്ദേശിക്കുന്ന സ്ഥലത്തെ ചുറ്റുപാടുകൾ പഠിച്ച് പരിസരങ്ങളിൽ സ്വാഭാവികം ആയി കാണുന്ന സസ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി അവയുടെ വിത്ത് ശേഖരിക്കുന്നു.ഓരോ പ്രദേശത്തെയും തനത് വൃക്ഷ്ങ്ങൾ മാത്രമേ നടാൻ പാടുള്ളു.

2)വിത്ത് സ്വാഭാവിക രീതിയിൽ ചെറിയ ചട്ടികളിൽ മുളപ്പിക്കുന്നു.
പിന്നീട് രണ്ടു മൂന്നു മാസത്തോളം തണലുള്ള സ്ഥലത്ത് വളർത്തി നല്ല വേര്പടലം വരുന്നത് വരെ കാത്ത് നിൽക്കുന്നു.(അവയെ ഹാർഡനിങ് ചെയ്യുന്നു.)

3.സ്ഥലത്തെ മണ്ണ് ഒരുക്കുന്നത് ആണ് ഏറ്റവും പ്രധാനപ്പെട്ടതും ഈ രീതിയിൽ ഏറ്റവും ചിലവ് വരുന്നതും.
ഈ രീതിയിൽ ചെടികൾ നടുന്ന സ്ഥലത്ത് കുറഞ്ഞത് ഇരുപത് സെന്റി മീറ്റർ ആഴത്തിൽ വരെ എങ്കിലും  ജൈവ വള സമ്പന്നമാക്കി അതിനു മുകളിൽ മേൽമണ്ണ് വിരിക്കേണ്ടത് നിർബന്ധമാണെന്ന് മിയാവാക്കി അനുശാസിക്കുന്നു.

4.വേരിന് കേടൊന്നും വരുത്താതെ ചെടികൾ നടുന്നു.ഒരു മീറ്റർ ചുറ്റളവിൽ നാലോ അഞ്ചോ മരങ്ങൾ വെച്ച് പിടിപ്പിക്കാം ഒരു സെന്റ് സ്ഥലത്ത് 200-250 മരങ്ങൾ വരെ നട്ടു പിടിപ്പിക്കാം.

നട്ടുപിടിപ്പിച്ച സസ്യങ്ങളുടെ പരിചരണം (പ്രധാനമായും കള നീക്കൽ) മൂന്ന് നാല് വര്ഷം വരെ നടത്തേണ്ടതുണ്ട് ..
പക്ഷെ ആ കളകൾ അവിടെ തന്നെ മണ്ണോട് ചേരാൻ അനുവദിക്കേണ്ടതുണ്ട്.
നാല് വർഷത്തിന് ശേഷം പരിചരണം പാടില്ല എന്ന് മിയാവാക്കി അനുശാസിക്കുന്നു.

ഇന്ന്ഒ ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു മീറ്റർ വീതിയിൽ ചാലുകളിലും എന്തിന് ചെങ്കുത്തായ കുന്നിൻ ചെരുവുകളിൽ പോലും മിയാവാക്കി വനങ്ങൾ തല ഉയർത്തി നിൽക്കുന്നു.

ഇന്ത്യയിൽ ബാംഗ്ലൂരിൽ ഒട്ടനവധി മിയാവാക്കി വനങ്ങൾ നിർമിച്ച് അവയുടെ ഗുണഫലങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.